Uncle Boonmee Who Can Recall His Past Lives (2010)

Apichatpong Weerasethakul സംവിധാനം ചെയ്ത “Uncle Boonmee Who Can Recall His Past Lives” എന്ന തായ് സിനിമ 2010-ലെ Plame d’Or നേടിയിരുന്നു. ആദ്യമായാണ് ഒരു തായ്‌ സിനിമയ്ക്ക് ഈ അംഗീകാരം കിട്ടുന്നത്. തികച്ചും ഒരു ആര്‍ട്ട്‌ ഫിലിം ആയാണ് എനിക്കിത് തോന്നിയത്. മരണം, പുനര്‍ജനനം, യാഥാര്‍ത്ഥ്യം, പ്രേതാത്മാവ്, ഫിലോസഫി, രാഷ്ട്രീയ ചരിത്രം എന്നിങ്ങനെ പല ലേയറുകളിലൂടെ ആണ് സിനിമ മുന്നേറുന്നത്. ബൂണ്മി എന്ന കഥാപാത്രത്തെ സൃഷ്ടിച്ചിരിക്കുന്നത് യഥാര്‍ത്ഥത്തില്‍ നടന്ന ഒരു സംഭവത്തെ അടിസ്ഥാനമാക്കിയാണ്. ബുദ്ധക്ഷേത്രത്തില്‍ പണ്ട് തന്റെ മുന്‍ജന്മങ്ങള്‍ തനിക്ക് ഓര്‍ക്കാന്‍ കഴിയുന്നു എന്നവകാശപ്പെട്ട് വന്ന ബൂണ്മി എന്ന മനുഷ്യനെ അടിസ്ഥാനമാക്കി മഠാധിപതി രചിച്ച പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് ഈ സിനിമ.

ബൂണ്മി തന്റെ അവസാനകാലം ചിലവഴിക്കുന്നത് തന്റെ ഫാമിലാണ്. ഒരു ഉള്‍നാടന്‍ ഗ്രാമത്തിലുള്ള ജീവിതത്തില്‍ കൂട്ടായി കിഡ്നി രോഗവും അയാള്‍ക്കുണ്ട്. ദിവസവും വയറില്‍ ട്യൂബ് ഇട്ടാണ് അയാള്‍ ജീവിക്കുന്നത്. തന്റെ മരിച്ച് പോയ ഭാര്യയുടെ സഹോദരി ആണ് അയാളുടെ കൂടെ ഉള്ളത്. ഒരു അത്താഴത്തിന്റെ സമയത്ത് അയാളുടെ ജീവിതത്തിലേക്ക് അയാളുടെ മരിച്ച് പോയ ഭാര്യയുടെ പ്രേതാത്മാവും, വളരെ പണ്ട് കാണാതായ മകനും വരുന്നു. മകന്‍ ഒരു കുരങ്ങിന്റെ ജന്മമായി മാറിയിരിക്കുന്നു. തന്റെ മുന്‍ജന്മങ്ങളെ ഓര്‍ത്തെടുക്കാന്‍ കഴിയുന്ന ആളാണ്‌ ബൂണ്മി. ഒരു ദിവസം അവര്‍ വീട് വിട്ടു കാട്ടിലേക്ക് പോവുന്നു. മലമുകളിലെ ഒരു ഗുഹയില്‍ എത്തിയ ബൂണ്മിക്ക് തന്റെ പൂര്‍വ ജന്മത്തെ കുറിച്ച് പല സൂചനകളും ലഭിക്കുന്നു.

മൂലകഥയില്‍ നിന്നും തികച്ചും വ്യത്യസ്തമായി ഒരു സീക്വന്‍സ് സിനിമയില്‍ വരുന്നുണ്ട്. ഒരു രാജ്ഞിയുടെ കാട്ടിലെ സന്ദര്‍ഭം ആണത്. തന്റെ രൂപത്തെ ഓര്‍ത്ത് അപകര്‍ഷത തോന്നുന്ന അവര്‍ ഒരു മീനിനോടു (CATFISH) സംസാരിക്കുന്നു. ബൂണ്മിയുടെ പൂര്‍വജന്മം ആണിത് എങ്കിലും പ്രേക്ഷകന് വ്യക്തമായ അര്‍ഥം നല്‍കുന്നില്ല ഈ സീക്വന്‍സ്.

വടക്കന്‍ തായ്‌ലാന്റില്‍ നബുവ എന്ന ഗ്രാമത്തില്‍ ജീവിക്കുന്ന ബൂണ്മിക്ക് 1965-ല്‍ അയാള്‍ കൊന്നൊടിക്കിയ കമ്മ്യൂണിസ്റ്റ് കലാപകാരികളുടെ ഓര്‍മ്മകളും ഉണ്ട്. അതിന്റെ ഫലമാണ് തന്റെ ഇന്നത്തെ രോഗാവസ്ഥ എന്നും അയാള്‍ വിചാരിക്കുന്നു. ലാവോയില്‍ നിന്ന് വരുന്ന കുടിയേറ്റക്കാരെയും സിനിമയില്‍ പരാമര്‍ശിക്കുന്നുണ്ട്. എങ്കിലും ഇതൊരു രാഷ്ട്രീയ് സിനിമയല്ല എന്ന് തന്നെയാണ് Weerasethakul പറയുന്നത്. രാഷ്ട്രീയ ചരിത്രവും, സാഹചര്യങ്ങളും സിനിമയുടെ പ്രധാന ഘടകം ആവുന്നതും ഇല്ല.

സിനിമയില്‍ ഭൂരിഭാഗവും ഉപയോഗിച്ചിരിക്കുന്നത് കുറച്ചുദൈര്‍ഘ്യമേറിയ സ്റ്റില്‍ ഷോട്ടുകള്‍ ആണ്. ബാക്ക്ഗ്രൌണ്ട് സ്കോര്‍ ഇല്ലാതെ പൂര്‍ണ്ണമായും NATURAL ENTITY-കളുടെ സൌണ്ട് മാത്രം ആണ് ഉള്ളത്. ക്യാമറ ചലിക്കുന്നത് വളരെ SPECIFIC ആയ സീനുകളില്‍ ആണ്. ഫ്രെയിമുകളുടെ സെറ്റിംഗ് പ്രത്യേകമായി എടുത്ത് പറയേണ്ടിയിരിക്കുന്നു. UNNATURAL ആയ പല കാര്യങ്ങളും സിനിമയില്‍ കാണിച്ചിരിക്കുന്നത് യാഥാര്‍ത്ഥ്യം എന്ന നിലയില്‍ ആണ്. പ്രേക്ഷകന് പ്രകൃതിവിരുദ്ധം ഏത് യാഥാര്‍ത്ഥ്യം ഏത് എന്ന് വേര്‍തിരിച്ച് അറിയാന്‍ കഴിയുന്നതിനു മുന്‍പ് തന്നെ കഥയോട് എല്ലാം കഥാപാത്രങ്ങളും ലയിക്കുന്നു. ഒരു ഫാന്റസി ഡ്രാമ ആയി “Uncle Boonmee Who Can Recall His Past Lives”-നെ കൂട്ടാം എന്നാണു എനിക്ക് തോന്നിയത്.

UNCLE_BOONMEE_quad__2__2

നികിത

ആക്ഷൻ ജോണറിൽ പെടുന്ന സിനിമകൾ എടുക്കുന്നതിൽ  പ്രത്യേകമായ ശൈലീഭംഗി ഉള്ള സംവിധായകനാണ് Luc Besson. അദ്ദേഹത്തിന്റെ ഏറ്റവും പ്രസിദ്ധമായ Leon: The Professional മിക്കവരും കണ്ടിരിക്കും. അദ്ദേഹത്തിന്റെ അതിന്റെ മുൻപ് 1990-ൽ  ഇറങ്ങിയ ആക്ഷൻ ത്രില്ലർ ഫീച്ചർ ഫിലിം ആണ് Nikita അഥവാ La Femme Nikita. ഡ്രഗ് അഡിക്റ്റ് ആയ പെൺകുട്ടി പോലീസ് പിടിയിലാകുമ്പോൾ സർക്കാർ ഏജൻസിക്കു വേണ്ടി വാടക കൊലയാളി ആയി മാറുന്നതാണ് കഥ.

zkdsstdb

മയക്കുമരുന്നടിമയായ നികിത എന്ന പെൺകുട്ടി ഡ്രഗ് മോഷ്ടിക്കാൻ കടയിൽ കയറുന്നു. സ്ഥലത്തെത്തിയ പോലീസുകാരുമായി ഉണ്ടായ ഏറ്റുമുട്ടലിൽ ഒരു പോലീസുകാരനെ  പെൺകുട്ടി വധിക്കുന്നു. കസ്റ്റഡിയിലും, ജയിലിലും, കോടതിയിലും തീവ്രമായ അക്രമ സ്വഭാവം കാണിക്കുന്ന പെൺകുട്ടിയെ ബോബ് എന്ന സർക്കാരിന്റെ രഹസ്യ സേനയുടെ വക്താവ് സമീപിക്കുന്നു. സര്‍ക്കാര്‍ ഏജെന്‍സിക്ക്  വേണ്ടി അവള്‍  കൊലകള്‍ നടത്തണം, അല്ലെങ്കില്‍ അവളെ മരിച്ചതായി വരുത്തും. വളരെ  ബുദ്ധിമുട്ടി  അവള്‍ അതിനു സമ്മതിക്കുന്നു. ഒരു ചാരവനിതയായി പുറത്തിറങ്ങുന്ന അവള്‍, ഒരാളെ  കണ്ടുമുട്ടുകയും ഒരുമിച്ചു ജീവിക്കുകയും ചെയ്യുന്നു എങ്കിലും, അവളെ  ഏല്‍പ്പിക്കുന്ന  ജോലികള്‍ നിരന്തരം വൈകാരിക, മാനസിക സമ്മര്‍ദ്ദങ്ങള്‍ക്ക് വഴിവയ്ക്കുന്നു.

Protagonist സ്ത്രീ കഥാപാത്രം  Anne Parillaud എന്ന നടി ശക്തമായ പ്രകടനം ആണ്  ഇതില്‍ കാഴ്ച്ചവയ്ക്കുന്നത്‌. നികിതയുടെ സ്വഭാവമാറ്റം തന്നെ സിനിമയെ രണ്ടായി  മുറിക്കുന്നുണ്ട്. ആദ്യ വ്യക്തിത്വം മയക്കുമരുന്നടിമയായും, അക്രമകാരിയായും  ആണെങ്കില്‍, പിന്നീട് സാദാരണ പെണ്‍കുട്ടി ആയി  ജീവിക്കാനും, അക്രമത്തെ വെറുക്കുകയും ചെയ്യുന്ന വ്യക്തിത്വമാണ് രണ്ടാമത്തെ. സിനിമയുടെ തുടക്കത്തില്‍ ഒരു  പോലീസുകാരനെ പോയിന്റ്‌  ബ്ലാങ്കില്‍ ഷൂട്ട്‌ ചെയ്ത്  കൊല്ലുന്ന നികിത അവസാനത്തെ കൊല നടത്തുമ്പോള്‍ സ്നിപ്പറില്‍ കൈ വിറയ്ക്കുന്നു.

സ്ഥിരമായി ഡാര്‍ക്ക്‌ ബാക്ക്ഗ്രൌണ്ട് ഇല്ലെങ്കിലും, സിനിമയുടെ ആദ്യ പകുതി ജയിലിനകത്ത് ആയത് കൊണ്ടും, ഫ്രെയിം സെറ്റിങ്ങിന്റെ പ്രത്യേകതകള്‍  കൊണ്ടും, ക്രൈം/വയലന്‍സ് മൂഡ്‌ കൊണ്ടും നിയോ നോയര്‍ അന്തരീക്ഷമാണ് ഉള്ളത്. ഒരു  ഹ്രസ്വസാന്നിധ്യമാണെങ്കിലും Jean Reno ഇതിലുമുണ്ട്, ഒരു വാടക കൊലയാളി  ആയി  തന്നെ. Leon-ഇലെ  അദ്ദേഹത്തിന്റെ കഥാപാത്രത്തിന്റെ മുന്‍രൂപമാണ്  ഇതെന്ന്  വേണമെങ്കില്‍  പറയാം. Luc Besson തന്നെ  പറയുന്നത് , “Now maybe Jean is playing the American cousin of Victor. This time he’s more human.” എന്നാണ്. രണ്ടു സിനിമകളും കാണുമ്പോഴും നമുക്ക് ഇത് തന്നെയാണ് തോന്നുക.

nikita

“ട്രേഡിംഗ് പ്ലേസസ്” – നാടന്‍ കഥ പോലൊരു ഹാസ്യം

trading_places_ver2

ഒരു വലിയ പണക്കാരനും, തെരുവില്‍ കിടക്കുന്ന ദരിദ്രനും , അല്ലെങ്കില്‍ ചക്രവര്‍ത്തിയും , നാട്ടിലെ ഒരു  ദരിദ്ര കര്‍ഷകനും , ജീവിതം വച്ച് മാറിയാല്‍ എങ്ങനെയിരിക്കും. മൊത്തം ജീവിതം ഒരു സുപ്രഭാതത്തില്‍ സ്വിച്ച് ചെയ്യുന്നു. അത്തരമൊരു അവസ്ഥയാണ് John Landis സംവിധാനം ചെയ്ത “Trading Places” (1983) എന്ന സിനിമ കാണിച്ചു തരുന്നത്. (മൈക്കള്‍ ജാക്സന്റെ “Thriller” എന്ന മ്യൂസിക് വീഡിയോ ചെയ്തത് ജോണ്‍ ലാണ്ടിസ് ആയിരുന്നു.)

ഒരു കോര്‍പ്പറേറ്റ്  ബ്രോക്കറേജ്  സ്ഥാപനത്തിന്റെ മുതലാളികളായ രണ്ടു സഹോദരന്മാര്‍ അവരുടെ ഒരു നേരംപോക്കിന് വേണ്ടി ഒരു പന്തയം വയ്ക്കുന്നു. ഏതൊരാള്‍ക്കും നല്ല അവസരങ്ങളും, ജീവിത സാഹചര്യങ്ങളും, സൌകര്യങ്ങളും കൊടുത്താല്‍ അയാള്‍ക്ക്‌ ജോലിയില്‍ ഉയരത്തില്‍ എത്താന്‍ സാധിക്കും എന്ന് ഒരാള്‍ വാദിക്കുമ്പോള്‍, മറ്റൊരാള്‍ അത് ജന്മനാ കിട്ടുന്ന കഴിവാണ് എന്ന് പറയുന്നു. ഇത് പരീക്ഷിക്കാന്‍ അവര്‍ സ്വന്തം കമ്പനിയുടെ മാനേജരെ തന്നെ ഇരയാക്കുന്നു. എല്ലാ സുഖസൌകര്യങ്ങളും അനുഭവിച്ചു ജീവിക്കുന്ന മാനേജരെ ഒരു സുപ്രഭാതത്തില്‍ ഒന്നും ഇല്ലാതാക്കുകയും, തെരുവില്‍ ആളുകളെ കബളിപ്പിച്ചു നടക്കുന്ന ഒരാള്‍ക്ക്‌ ആ  സൌകര്യങ്ങള്‍ എല്ലാം കൊടുക്കുകയും, മാനേജരായി നിയമിക്കുകയും ചെയ്യുന്നു. ജീവിതം മാറിപ്പോയ രണ്ടു പേരും, അതിന്റെ  ഫലമായുള്ള സംഭവങ്ങളും ആണ് സിനിമ.

എഡ്ഡി മര്‍ഫിയുടെ രണ്ടാമത്തെ ചിത്രമാണ് ഇത്. ഒരു നാടന്‍ കഥ പോലെ ആസ്വദിച്ചു കണ്ടിരിക്കാവുന്ന ഒരു കോമഡി ചിത്രമാണ് ഇത്. പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച Eddie Murphy, Dan Aykryod എന്നിവരുള്‍പ്പെടെ ശ്രദ്ധിക്കപ്പെട്ട ടി.വി ഷോയായ “Saturday Night Live”-ല്‍ പ്രവര്‍ത്തിച്ചവര്‍ ആണ്. കോമഡി മൂവി ആണെങ്കിലും അമേരിക്കയില്‍ നില നിന്നിരുന്ന/നില്‍ക്കുന്ന വംശീയവിദ്വേഷം SUBTLE ആയി സിനിമയില്‍ കാണിക്കുന്നുണ്ട്.

“പോസ്റ്റ്‌ മോര്‍ട്ടം”- ഒരു രാഷ്ട്രീയ ദുരന്തത്തിന്റെ ഓര്‍മ്മകള്‍

poster-mortem-poster

Pablo Larraín എന്ന പ്രസിദ്ധ ചിലിയന്‍ സംവിധായകന്‍ എടുത്ത “പോസ്റ്റ്‌  മോര്‍ട്ടം” (2010) എന്ന ചിത്രം അത്  ഇടപെടുന്ന  രാഷ്ട്രീയം കൊണ്ടും  അവതരണ രീതി കൊണ്ടും വളരെയേറെ ശ്രദ്ധ ആകര്‍ഷിക്കുന്നു. 1973-ല്‍ ചിലിയില്‍ കമ്മ്യൂണിസ്റ്റ് ഭരണത്തെ അട്ടിമറിച്ച സൈനിക നീക്കത്തിന്റെ പശ്ചാത്തലത്തില്‍, പോസ്റ്റ്‌  മോര്‍ട്ടം നടത്തുന്ന ഒരു ഡോക്ടറുടെ അസിസ്റ്റന്റ്റ് ആയി നിന്ന മാരിയോ എന്ന PROTAGONIST-ന്റെ കണ്ണിലൂടെയാണ്  സിനിമ അവതരിപ്പിച്ചിരിക്കുന്നത്. മാരിയോ അവതരിപ്പിച്ച കഥാപാത്രം യഥാര്‍ത്ഥത്തില്‍ ജീവിച്ചിരുന്ന മനുഷ്യനാണ്. ചിലി പ്രസിഡന്റ് ആയിരുന്ന Salvador Allende-ന്റെ AUTOPSY റിപ്പോര്‍ട്ടില്‍ രണ്ടു ഡോക്ടര്‍മാരെ കൂടാതെ വേറൊരാള്‍ കൂടി ഒപ്പിട്ടത് ആരാണ് എന്നുള്ള  അന്വേഷണമാണ് തന്നെ ഇത്തരമൊരു കഥയിലേക്ക് നയിച്ചത് എന്ന് സംവിധായകന്‍ പറയുന്നു.നിരവധി ഫിലിം ഫെസ്റ്റിവലുകളില്‍  പങ്കെടുക്കുകയും പല അവാര്‍ഡുകള്‍ നേടുകയും ചെയ്തിട്ടുണ്ട് ഈ ചിത്രം.

ഡോക്ടര്‍ ഓട്ടോസ്പൈ ചെയ്യുമ്പോള്‍ ടൈപ്പ് റൈറ്ററില്‍ നിരീക്ഷണങ്ങള്‍ എഴുതിയെടുക്കുകയാണ്  മാരിയോയുടെ ജോലി. എകാകിയായും അല്പം അന്തര്‍മുഖനായും ജീവിക്കുന്ന അയാള്‍, സ്റ്റേജ് ഡാന്‍സ് ഷോ നടത്തുന്ന അയല്‍ക്കാരിയായ നാന്‍സിയുമായി പ്രണയം തോന്നുന്നു. ആയിടയ്ക്കാണ് സൈനിക അട്ടിമറി  രാജ്യത്ത് നടക്കുന്നത്. നിരവധി പ്രക്ഷോഭകാരികളെ സൈന്യം നേരിടുകയും വധിക്കുകയും ചെയ്യുന്നു. നാന്‍സിയുടെ കുടുംബാംഗങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ട സോഷ്യലിസ്റ്റ്‌ പ്രസിഡന്റിനെ പിന്തുണയ്ക്കുന്ന കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകരാണ്. നാന്‍സിയെ അന്ന് കാണാതാവുന്നതറിഞ്ഞു, അവളെ തേടി നടക്കുന്ന മാരിയോക്ക് ഒപ്പം തന്നെ സൈനിക നേതൃത്വത്തിന്റെ കൂടെ ജോലി ചെയ്യേണ്ടതായും വരുന്നു.

ആ രാജ്യത്ത് നടന്ന രാഷ്ട്രീയ ദുരന്തത്തിന്റെയും അതിക്രമങ്ങളുടെയും നേര്‍ക്കാഴ്ച ആവുന്നുണ്ട്‌ ഈ സിനിമ. നേരിട്ട് ആ ദുരന്തങ്ങള്‍ കാണിക്കാതെ PROTAGONIST-ന്റെ ദൈന്യംദിന ജീവിതത്തിലെ ബന്ധപ്പെട്ട സീനുകളിലൂടെയാണ് അവ കാണിക്കുന്നത്. മാരിയോ ജോലി ചെയ്യുന്ന ഹോസ്പിറ്റലില്‍ ദിവസവും നൂറു കണക്കിന് സിവില്യന്‍സിന്റെ ശവങ്ങള്‍ വരുന്നു. അവയെ കൂട്ടത്തോടെ ഉന്തുവണ്ടിയില്‍ കയറ്റി AUTOPSY ഡെസ്കിലേക്ക്  എത്തിക്കുന്നു. വ്യാജമായ മരണകാരണം ഉണ്ടാക്കാന്‍ വിധിക്കപ്പെട്ടവര്‍ ആണ് ഡോക്ടര്‍മാര്‍. രാജ്യത്ത് ഉണ്ടായ സിവില്‍ കൂട്ടക്കൊലയുടെ സത്യങ്ങള്‍ ഒളിപ്പിച്ചു വയ്ക്കേണ്ടത് ഏകാധിപത്യ ഭരണകൂടത്തിന്റെ ആവശ്യമാണ്‌.

സിനിമയില്‍ ഭൂരിഭാഗവും സ്റ്റാറ്റിക് ക്യാമറാ ഷോട്ടുകള്‍ ആണ് ഉപയോഗിച്ചിട്ടുണ്ട്. ക്ലൈമാക്സും ഇത്തരമൊരു സവിശേഷ സ്റ്റാറ്റിക് ക്യാമറാ ഷോട്ടിലാണ് അവസാനിക്കുന്നത്. ഭരണഅട്ടിമറി കാലത്തെ സംഭവങ്ങളുടെ ഒരു METAPHOR ആണ് സിനിമയിലെ അവസാന സീന്‍ എന്ന് സംവിധായകന്‍ പറയുന്നു.

 

“കമ്മട്ടിപ്പാടം” – നഗരാന്തര സത്യങ്ങളുടെ കാഴ്ച

kammatti

ഓരോ  നഗരവും  ഉയരുന്നതിനു  മുന്‍പ് ഒരു  കഥയുണ്ട്. ആ  ഉയര്‍ച്ചയില്‍ നഷ്ടങ്ങള്‍ സ്വീകരിച്ച മനുഷ്യരുടെയും പ്രകൃതിയുടെയും കഥ. ആ ഉയര്‍ച്ചയില്‍ ലാഭം കൊയ്തവര്‍ നടത്തിയ  ചൂഷണങ്ങളുടെയും  കഥ. ഇത്തരം  നഗരാന്തര സത്യങ്ങളുടെ കാഴ്ചയാണ് “കമ്മട്ടിപ്പാടം”.  രാജീവ്  രവി  തന്റെ  മൂന്നാമത്തെ  ചിത്രം  ഒരുക്കുമ്പോള്‍ അദ്ദേഹം മുന്നേ ചെയ്തിട്ടുള്ള സിനിമകളില്‍ പൊതുവേ  പറയപ്പെടുന്ന “റിയലിസ്റ്റിക് സമീപനത്തില്‍” നിന്നും ഒരുപാട്  വിട്ടുവീഴ്ച  നടത്തിയിട്ടുണ്ട്.

വിനായകന്‍ അവതരിപ്പിച്ച ഗംഗ എന്ന അടുത്ത സുഹൃത്തിനെ അന്വേഷിച്ചുള്ള ദുല്‍ഖര്‍ സല്‍മാന്‍ അവതരിപ്പിച്ച കൃഷ്ണന്റെ  യാത്രയാണ് സിനിമ അവതരിപ്പിച്ചിരിക്കുന്നത്. ബാലന്‍ എന്ന ഗംഗയുടെ സഹോദരന്‍ അടങ്ങിയ മൂവര്‍ സംഘത്തിന്റെ ജീവിതം പല കാലഘട്ടങ്ങളില്‍ ഉള്ള അദ്ധ്യായങ്ങള്‍ ആയി കാണിച്ചിരിക്കുന്നു. മലയാളത്തിനു തീരെ പരിചിതമല്ലാത്ത GANGSTER NOIR എന്ന വിഭാഗത്തോട് ഏറ്റവും അടുത്ത് നില്‍ക്കുന്ന ഒരു  സിനിമയായിരിക്കും  ഇത്. സിനിമയില്‍ നല്‍കിയിട്ടുള്ള ഇരുണ്ട അന്തരീക്ഷവും, വയലന്‍സിന്റെയും കുറ്റകൃത്യത്തിന്റെയും മൂഡും, NOIR അനുഭവം പകരുന്നു. വി.എഫ്.എക്സ് പല സ്ഥലങ്ങളിലും AMATEUR ആയതടക്കം പല കുറവുകളും സിനിമയ്ക്കുണ്ട് എങ്കിലും പുതിയൊരു  ചലച്ചിത്രാനുഭവം  തന്നെയാണ് “കമ്മട്ടിപ്പാടം” മലയാളി പ്രേക്ഷകന് മുന്നില്‍ വയ്ക്കുന്നത്.

എറണാകുളം കെ.എസ്.ആര്‍.ടി.സി ബസ്‌  സ്റ്റാന്റിന്റെ  പിറകില്‍ ഉള്ള  സ്ഥലം മുന്‍പ് കമ്മട്ടിപ്പാടം  എന്നാണ് അറിഞ്ഞിരുന്നത്. കഥ തുടങ്ങുന്നത് ഗംഗ, കൃഷ്ണന്‍, ബാലന്‍ എന്നീ  കഥാപാത്രങ്ങളുടെ  ബാല്യത്തില്‍ നിന്നാണ്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഒരു കൂട്ടം ജനത്തിന്റെ  കൂടെ അവരും  ജീവിച്ചു പോകുന്നു. അന്ന് ആ  നഗരം അത്ര വളര്‍ന്നിട്ടില്ല. സാധ്യതകള്‍ പ്രത്യേകിച്ച് ഒന്നുമില്ലാതിരുന്ന അവരെ, വളരുംതോറും നിയമലംഘനത്തിന്റെ പാത തന്നെയാണ് ആകര്‍ഷിച്ചത്. വാറ്റ് ചാരായം മുതല്‍ ക്വട്ടേഷന്‍ വരെയായി അത്  പരിണമിച്ചത്‌  പിന്‍കാല ചരിത്രം. ഏതോ മേലാളന്‍മാര്‍ക്ക്  വേണ്ടി കൂറുള്ള കീഴാളരായി. സ്വന്തം മണ്ണിന്റെ മുകളിലൂടെയാണ്‌ കെട്ടിടങ്ങള്‍ ഉയരുന്നത് എന്നും, മേലാളന്മാര്‍  തങ്ങളെ ചൂഷണം ചെയ്യുന്നു എന്നും, മനസ്സിലാക്കാന്‍ വൈകി പോയ നിഷ്കളങ്കര്‍. ശക്തമായ ചൂഷകവിരുദ്ധവും, പ്രാന്തവല്‍കൃത ജനമനസ്സിന്റെയും രാഷ്ട്രീയം സിനിമ മുന്നോട്ടു വയ്ക്കുന്നുണ്ട്‌. ചിത്രത്തില്‍ പറയുന്ന കവിതെ  പോലെ,

“ഞാനരിയും കുരലുകളെല്ലാം എന്റേതോ പൊന്നച്ഛാ ?
നീയരിയും കുരലും ചങ്കും എല്ലാരുടേം പൊൻമകനേ.

അക്കാണും മാമലയൊന്നും
നമ്മുടേതല്ലെന്മകനെ,
ഇക്കായൽ കയവുംകരയും
ആരുടേയുമല്ലെൻ മകനേ.”